കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. നടിയെ ഉപദ്രവിച്ചെന്ന ആരോപണമുള്ള കാരവാനിൽ എത്തിച്ചാണ് തെളിവുകൾ ശേഖരിക്കുക. സംഭവസമയത്ത് ഷൂട്ടിങ് സെറ്റിൽ ഉണ്ടായിരുന്ന രണ്ട് കാരവാനുകളും ഇതിനകം പൊലീസിന്റെ കസ്റ്റഡിയിലാണ്.
യുവനടിയുടെ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ച വരെ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വെക്കാനാണ് എറണാകുളം സിജെഎം കോടതി അനുമതി നൽകിയിരിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ, രഞ്ജിത്ത് ഗുരുതര കുറ്റകൃത്യം നടത്തിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. അതേസമയം ആരോഗ്യ പ്രശ്നങ്ങൾ പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നട്ടെല്ല് സംബന്ധമായ അസുഖവും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും ഉണ്ടായിട്ടുണ്ടെന്നായിരുന്നു അവരുടെ വാദം.
ജനുവരി 9ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ചാണ് സംഭവം നടന്നതെന്ന് യുവ നടി പരാതിയിൽ വ്യക്തമാക്കുന്നു. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
സംഭവത്തെ തുടർന്ന് താൻ വലിയ മാനസികാഘാതം നേരിട്ടുവെന്നും കൗൺസിലിംഗിന് ശേഷമാണ് പരാതി നൽകിയതെന്നും നടി പറഞ്ഞു. നടിയുടെ രഹസ്യ മൊഴിയിൽ വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങുകയായിരുന്നു.




