ന്യൂഡൽഹി: കാലാവധി കഴിഞ്ഞ ശീതളപാനീയങ്ങളും ബിസ്‌ക്കറ്റുകളും വ്യാജ ടൂത്ത്‌പേസ്റ്റുകളും വിൽക്കുന്ന വലിയ സംഘത്തെ ഡൽഹി പോലീസ് പിടികൂടി. നഗരത്തിലെ രണ്ട് സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.
മാർച്ച് 29-ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബംനോളി ഗ്രാമത്തിലെ ഗോഡൗണിൽ പോലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് കാലാവധി കഴിഞ്ഞ ശീതളപാനീയങ്ങളും ബിസ്‌ക്കറ്റുകളും പിടിച്ചെടുത്തു. ഇവയ്ക്ക് പുതിയ ബാച്ച് നമ്പറും തീയതിയും ചേർത്ത് പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വീണ്ടും വിപണിയിൽ വിൽക്കുകയായിരുന്നു. സംഭവത്തിൽ ശിവം സിംഗ്, ലോകേഷ് കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഗോഡൗൺ ഉടമയും സ്ഥാപന നടത്തിപ്പുകാരനുമായ കമൽ മുഡ്‌ഗിലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിന് പിന്നാലെ കഞ്ജാവാല പ്രദേശത്ത് വ്യാജ ടൂത്ത്‌പേസ്റ്റ് നിർമ്മിച്ച് വിൽക്കുന്ന സംഘവും പിടിയിലായി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്ലാസ്റ്റിക് ഡ്രമ്മുകളിൽ സൂക്ഷിച്ച നിലയിലാണ് ടൂത്ത്‌പേസ്റ്റ് കണ്ടെത്തിയത്. ട്യൂബുകളിലേക്ക് പേസ്റ്റ് നിറയ്ക്കാനും ലേബൽ ഒട്ടിക്കാനുമുള്ള ഉപകരണങ്ങളും പൊലീസ് കണ്ടെത്തി. പ്രമുഖ ബ്രാൻഡിന്റെ പേരിൽ ടൂത്ത്‌പേസ്റ്റ് വിൽക്കുന്ന സംഘത്തിൽ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




