ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിലും ഇന്ത്യൻ പതാകയേന്തിയ ‘ഗ്രീൻ ആശ’ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. ലോകത്തിലെ പ്രധാനപ്പെട്ട എണ്ണപ്പാതകളിലൊന്നായ ഈ മേഖലയിലെ സുരക്ഷാ ആശങ്കകൾക്കിടയിലായിരുന്നു കപ്പലിന്റെ യാത്ര. സംഘർഷം ആരംഭിച്ചതിന് ശേഷം കടലിടുക്ക് കടന്ന ഒൻപതാമത്തെ ഇന്ത്യൻ ടാങ്കറാണിത്. ഗ്രീൻ ആശ ഒരു എൽപിജി ടാങ്കറാണെന്നാണ് വിവരം.
ഫെബ്രുവരി 28 ന് യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ശക്തമാക്കിയിരുന്നു. ഇതോടെ ആഗോള ഇന്ധന വിതരണത്തിലും ഊർജ വിപണികളിലും വലിയ ആശങ്ക ഉയർന്നു. മെരിടൈം ഡാറ്റ പ്രകാരം ഈ പാത ഉപയോഗിക്കുന്ന ചരക്കുകപ്പലുകളിൽ 60 ശതമാനവും ഇറാനുമായി ബന്ധമുള്ളവയാണ്.
പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും ഇന്ത്യൻ കപ്പലുകൾ ഈ പാത ഉപയോഗിക്കുന്നത് തുടരുന്നു. ഗ്രീൻ ആശയ്ക്ക് മുമ്പ് എട്ട് ഇന്ത്യൻ കപ്പലുകൾ ഇതിനകം കടലിടുക്ക് കടന്നിരുന്നു. ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എൽഎം എന്നീ എൽപിജി കപ്പലുകൾ ഏകദേശം 94,000 ടൺ ചരക്കുമായി സംഘർഷമേഖല കടന്നുപോയിരുന്നു.
മാർച്ച് 26 മുതൽ 28 വരെ പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ കപ്പലുകൾ 92,612 ടൺ എൽപിജി വിതരണം ചെയ്തു. അതിന് മുമ്പ് എം.ടി. ഷിവാജിക്, എം.ടി. നന്ദാദേവി എന്നിവ മാർച്ച് 16-17 തീയതികളിൽ 92,712 ടൺ എൽപിജി ഗുജറാത്തിലെ മുന്ദ്രയും കണ്ട്ലയും തുറമുഖങ്ങളിലെത്തിച്ചു. ജഗ് ലാഡ്കി മാർച്ച് 18 ന് യുഎഇയിൽ നിന്ന് മുന്ദ്രയിലേക്ക് 80,886 ടൺ അസംസ്കൃത എണ്ണ കൊണ്ടുപോയപ്പോൾ, ജഗ് പ്രകാശ് ഒമാനിൽ നിന്ന് ആഫ്രിക്കയിലേക്ക് പെട്രോൾ കൊണ്ടുപോകുന്നതിനിടെ സുരക്ഷിതമായി കടലിടുക്ക് കടന്നു.
ഷിവാജിക്, നന്ദാദേവി, ജഗ് ലാഡ്കി, പൈൻ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എൽഎം, ഗ്രീൻ സാൻവി എന്നിവയും സുരക്ഷിതമായി കടന്നുപോയ കപ്പലുകളിൽപ്പെടുന്നു. ഗ്രീൻ സാൻവി വെള്ളിയാഴ്ച രാത്രി ഏകദേശം 46,650 മെട്രിക് ടൺ എൽപിജിയുമായി കടലിടുക്ക് കടന്നു.
ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പലുകൾ സഞ്ചരിച്ചത്. നിലവിലെ സാഹചര്യത്തിൽ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ ഇറാനിയൻ അധികാരികളുമായി തുടർച്ചയായി ചർച്ചകൾ നടത്തുന്നു. സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോർമുസിന് പുറമെ ബാബ് എൽ-മാൻഡെബ് കടലിടുക്കിലേക്കും സമ്മർദ്ദം വ്യാപിപ്പിക്കാമെന്ന സൂചനയും ഇറാനിൽ നിന്ന് ഉയർന്നിട്ടുണ്ട്.




