പത്തനംതിട്ട: വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാത്ത പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തി വിവരാവകാശ കമ്മീഷൻ. തിടനാട് പഞ്ചായത്ത് സെക്രട്ടറിയായ പി പി മണിയപ്പനാണ് 10,000 രൂപ പിഴ ചുമത്തിയത്. ഏപ്രിൽ 22ന് എരുമേലി സ്വദേശി പുത്തൻവീട്ടിൽ പി എച്ച് റഷീദ് തന്റെ കെട്ടിടത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. ഇതിന് മറുപടി ലഭിക്കാതെ വന്നതോടെയാണ് റഷീദ് വിവരാവകാശ കമ്മീഷനിൽ പരാതി നൽകിയത്. മണിയപ്പൻ എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ കഴിഞ്ഞ വർഷമാണ് സംഭവം ഉണ്ടായത്. ഇതിൽ കമ്മീഷൻ ഹിയറിങ് നടത്തുകയും മണിയപ്പനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയുമായിരുന്നു.




