മുംബൈ: പശ്ചിമേഷ്യൻ യുദ്ധമടക്കം രാഷ്ട്രീയ സാഹചര്യങ്ങൾ മോശമായി തുടരുന്നതിനിടെ അസംസ്കൃത എണ്ണ വില പുതിയ റെക്കോർഡിലെത്തി. ഇന്ത്യയിലെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (MCX) ഒരു ബാരൽ എണ്ണയുടെ വില 10,888 രൂപ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ കടുത്ത നീക്കങ്ങൾക്ക് തുടക്കമിടുന്നതും ഹോർമുസ് കടലിടുക്കിലെ തുടരുന്ന പ്രതിസന്ധിയും ചേർന്ന് വില വർധനവ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിച്ചിരിക്കുന്നു.
ഇതിനിടെ ഇറാാനിലെ പെട്രോകെമിക്കൽ പ്ലാന്റുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും വർധനവിന് കാരണമായിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഓയിലിനെയും കടന്ന് ഡബ്ല്യു ടി ഐ മുകളിലെത്തിയത് വിപണിയിലെ വ്യത്യസ്തമായ പ്രവണതയായി റിപ്പോർട് ചെയ്യപ്പെടുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലും യുറോപ്യൻ രാജ്യങ്ങളിലും വാങ്ങുന്ന എണ്ണയുടെ വില നിശ്ചയിക്കുന്നത് പ്രധാനമായും ബ്രെന്റ് ക്രൂഡിനെ അടിസ്ഥാനമാക്കിയാണ്.




