ചെന്നൈ: ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററും സംരംഭകയുമായ യുവതിയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ശ്രീ സായ് സിൽക്ക്‌സ് എന്ന സാരി സ്‌റ്റോറിന്റെ ഉടമയാണ് കൊല്ലപ്പെട്ട നാഗാലക്ഷ്മി. 42 വയസ്സായിരുന്നു. നാഗലക്ഷ്മിയെ കൊലപ്പെടുത്തിയ ഭർത്താവ് സുബ്രഹ്‌മണ്യൻ വീട്ടിൽ തൂങ്ങിമരിച്ചു. ഇൻസ്റ്റഗ്രാമിൽ മൂന്നരലക്ഷത്തോളം ഫോളോവേഴ്‌സുള്ള കണ്ടന്റ് ക്രീയേറ്റർ കൂടിയാണ് നാഗാലക്ഷ്മി. ദാമ്പത്യപ്രശ്‌നങ്ങളെത്തുടർന്ന് നാഗലക്ഷ്മിയും സുബ്രഹ്‌മണ്യനും ഏറെക്കാലമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഭർത്താവുമായി അകന്നതിന് പിന്നാലെയാണ് നാഗലക്ഷ്മി സാരി ബിസിനസിലേക്ക് കടന്നത്. അടുത്തിടെയാണ് സുബ്രഹ്‌മണ്യൻ നാഗലക്ഷ്മിയുടെ ചെന്നൈയിലുള്ള വീട്ടിലേക്ക് എത്തുന്നത്. തന്റെ ഭാഗത്തുനിന്ന് നേരത്തേയുണ്ടായ തെറ്റുകൾക്ക് നാഗലക്ഷ്മിയോട് ക്ഷമാപണം നടത്തിയിരുന്നു. ഇതിനെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



