തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കൊട്ടിക്കലാശം അവസാനിച്ചു ഇന്ന് നിശബ്ദത പ്രചാരണം. മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികളും അണികളും. സ്ഥാനാർത്ഥികൾ ഇന്ന് നിശബ്ദത പ്രചാരണത്തിനിറങ്ങുമ്പോൾ വിജയപ്രതീക്ഷ ഏറെയാണ്.
നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുമ്പോൾ നിങ്ങളുടെ പോളിംഗ് ബൂത്ത് എവിടെയാണെന്ന് സ്മാർട്ട് ഫോൺ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്താം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് കണ്ടെത്താമെന്നതാണ്. ഇതിനായി ബ്രൌസറിൽ https://electoralsearch.eci.gov.in/ സെർച്ച് ചെയ്ത് തുറക്കുകയാണ് വേണ്ടത്. ശേഷം ഐഡി കാർഡിലെ 10 അക്ക എപിക് നമ്പർ നൽകണം. സംസ്ഥാനത്തിന്റെ സ്ഥാനത്ത് കേരളം തെരഞ്ഞെടുക്കാം. ക്യാപ്ച കൂടി നൽകി സെർച്ച് ഓപ്ഷൻ സെലക്ട് ചെയ്യാം. അടുത്ത സ്ക്രീനിൽ നിങ്ങളുടെ പേര്, മണ്ഡലം, ബൂത്ത് നമ്പർ (പാർട്ട് നമ്പർ), സീരിയൽ നമ്പർ തുടങ്ങിയ എല്ലാ വിവരങ്ങളും ലഭ്യമാകും.
ഇനി വോട്ടർ ഐ ഡി കൈവശമില്ലാത്തവർക്കും ഇതെല്ലാം അറിയാൻ വഴിയുണ്ട്. വോട്ടർപ്പട്ടികയുമായി മൊബൈൽ നമ്പർ ബന്ധിപ്പിച്ചവർക്കാണ് ഈ സേവനം ഉപയോഗപ്പെടുത്താനാകുക. വെബ്സൈറ്റിൽ മൊബൈൽ നമ്പറും സംസ്ഥാനവും നൽകുക. ഒ ടി പി വെരിഫിക്കേഷൻ കൂടി പൂർത്തീകരിച്ചാൽ വോട്ടറുടെ പൂർണ്ണ വിവരങ്ങൾ സ്ക്രീനിൽ തെളിയും.




