പാലാ: പൊതു തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കി നില്‍ക്കെ മുന്‍പെങ്ങും ഉന്നയിക്കാത്ത ആരോപണങ്ങളുമായി മാണി സി കാപ്പന്‍ രംഗത്ത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നും ജോസ് കെ മാണി 9 കോടി രൂപ കൈക്കൂലി വാങ്ങി, ബിജെപിയില്‍ നിന്നും എട്ടുകോടി രൂപ വാങ്ങി ഷോണ്‍ ജോര്‍ജ് പാലായില്‍ മത്സരിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്വന്തം പാര്‍ട്ടിയുടെ സീറ്റുകള്‍ക്ക് ജോസ് കെ മാണി കൈക്കൂലി വാങ്ങി എന്നു പറഞ്ഞ മാണി സി കാപ്പന്‍ അതേസമയം ആരില്‍ നിന്നാണ് അത് വാങ്ങിയത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുന്നില്ല. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയ ഷോണ്‍ ജോര്‍ജ് ബിജെപിയില്‍ നിന്ന് എട്ടു കോടി രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു മറ്റൊരു ആരോപണം.
വിഷയത്തില്‍ എല്‍ഡിഎഫോ യുഡിഎഫോ രംഗത്ത് വന്നിട്ടില്ലെങ്കിലും മാണി സി കാപ്പനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് ജോസ് കെ മാണി വിഭാഗം. തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനുള്ള പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയാണെന്ന് പറഞ്ഞ കാപ്പനുള്ള മറുപടിയായി ആ തുക കിഴതടിയൂര്‍ ബാങ്കില്‍ അടച്ച് സ്വന്തം കടം തീര്‍ക്കാന്‍ നിരവധി പേര്‍ പറഞ്ഞത് തിരിച്ചടിയായിരുന്നു. മാണി സി കാപ്പന്‍ ഒന്നരക്കോടി രൂപയും ബാങ്കിന്റെ മുന്‍ പ്രസിഡന്റും ഇദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരനുമായ ജോര്‍ജ് സി കാപ്പന്‍ അഞ്ചു കോടിയിലേറെ രൂപയും ബാങ്കിന് കൊടുക്കാനുണ്ടെന്ന് ആരോപണമുണ്ട്.
തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി നിശബ്ദ പ്രചരണ ദിവസമായ ഇന്ന് മാണി സി. കാപ്പന്‍ വാര്‍ത്താ ചാനലിലൂടെ ജോസ് കെ. മാണിക്കെതിരെ വ്യാജ ആരോപണം കെട്ടിച്ചമച്ച് ഉന്നയിച്ച് പ്രചരിപ്പിച്ചതിനെതിരെ ചീഫ് ഇലക്ഷന്‍ ഏജന്റും എല്‍.ഡി.എഫ് ജില്ലാ കണ്‍വീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ക്കും വരണാധികാരിക്കും പരാതി നല്‍കി. ആര്‍.പി ആക്ടിലെ 123 (4), 126 വ്യവസ്ഥകളുടെ കടുത്ത ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് മുതലെടുപ്പു നടത്തുവാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.




