കണ്ണൂർ: കിണർ ജോലിക്കിടെ വിഞ്ചിന്റെ ഇരുമ്പ് റോപ്പ് പൊട്ടി കിണറ്റിലേക്ക് വീണതിനെ തുടർന്ന് രണ്ട് തൊഴിലാളികൾ മരിച്ച സംഭവം നാടിനെ ദുഖത്തിലാഴ്ത്തി. കണ്ണൂർ കണ്ണാടിപ്പറമ്പ് മുണ്ടേരിക്കടവിന് സമീപമാണ് വ്യാഴാഴ്ച രാവിലെ അപകടം ഉണ്ടായത്.
40 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങുന്നതിനിടെ റോപ്പ് പൊട്ടിയതോടെ എം. രാജേഷ് (55), അബ്ദുൽ ഗഫൂർ (46) എന്നിവർ കിണറ്റിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കുകളില്ലാതെ രക്ഷപ്പെടാനായി.
വിവരം ലഭിച്ചതോടെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വർഷങ്ങളായി കിണർ നിർമാണ മേഖലയിലുണ്ടായിരുന്ന തൊഴിലാളികളായിരുന്നു ഇരുവരും. നാട്ടുകാരുടെ പ്രിയപ്പെട്ടവരായ ഇവരുടെ മരണവാർത്ത പ്രദേശത്തെ ദുഖത്തിലാഴ്ത്തി.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വൈകിട്ട് നാട്ടിലെത്തിച്ച് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.




