തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്നിട്ടിറങ്ങിയിട്ടില്ലെന്ന് സിപിഐഎം. വിവാഹം നടക്കുന്ന വിവരം അറിഞ്ഞാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എഎ റഹീം എംപിയും പങ്കെടുത്തത്. ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചത് വധൂ വരന്‍മാരാണ്. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തമ്പാനൂര്‍ പൊലീസിനെ കാണിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും നേത്യത്വം വ്യക്തമാക്കി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ് എടുത്തതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ വിശദീകരണം.
കഴിഞ്ഞ മാസമാണ് പെണ്‍കുട്ടിയും ഫര്‍മാന്‍ ഫാനും കേരളത്തിലെത്തി വിവാഹിതരായത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങില്‍ എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു.




