തിരുവനന്തപുരം: ബിഷപ്പുമാരെയും ദീപിക പത്രത്തെയും പി സി ജോര്‍ജും ഷോണ്‍ ജോര്‍ജും വിമർശിച്ചത് നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തിക്കളയാം എന്ന രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എല്ലാ പൗരന്മാര്‍ക്കും ജനാധിപത്യ അവകാശമുണ്ട്. അത് ബിഷപ്പുമാര്‍ ആണെങ്കിലും അങ്ങനെയാണ്. സഭാ വിശ്വാസികളെ നേര്‍വഴിക്ക് നയിക്കാനുള്ള ഉത്തരവാദിത്വം സഭ മേല്‍ അധ്യക്ഷന്‍മാര്‍ക്കുണ്ട്. അഭിപ്രായപ്രകടനം നടത്തിയാല്‍ അവരെ ഭീഷണിപ്പെടുത്തുന്ന തന്ത്രം വിലപ്പോകില്ല. പി സി ജോര്‍ജിന്റെ അഭിപ്രായം അത്തരത്തില്‍ ഒന്നായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.
കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞുവെന്നാണ് പി സി ജോര്‍ജ് ആരോപിച്ചത്. മര്യാദ കേടാണ് കാണിച്ചതെന്ന് പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.ദീപിക’യിലെ ചില വ്യക്തികൾ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകർക്ക് വേണ്ടി വാർത്തകൾ വളച്ചൊടിക്കുകയാണ് എന്നുമായിരുന്നു ഷോൺ ജോർജ് ഇന്നലെ ആരോപിച്ചത്. ഇതിനെതിരെയാണ് ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നത്.




