കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ അന്വേഷണ വിധേയരായ അധ്യാപകര്‍ക്ക് സസ്പെന്ഷന്. അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവര്‍ക്കാണ് സസ്പെന്ഷന്. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നെടുമങ്ങാട് സ്വദേശിയായ നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ വകുപ്പ് മേധാവി റാമിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ മരണത്തിന് കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
കോളേജില്‍ ജോയിന്‍ ചെയ്ത സമയം മുതല്‍ കുട്ടി റാഗിങ്ങ് നേരിട്ടിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. നിതിന്റെ എച്ച്ഒഡി ആയ റാം കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിൽ അധിക്ഷേപിച്ചിരുന്നു. കോളേജില്‍ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് കുട്ടി വീട്ടില്‍ പറയുകയും കുറച്ചുനാള്‍ വീട്ടില്‍ വന്ന് നില്‍ക്കുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് നിതിൻ രാജ് ആത്മഹത്യ ചെയ്തത്.




