മുംബൈ: ഐപിഎല്ലില്‍ ഇന്നലെ സൂപ്പര്‍ സണ്‍ഡേ പോരാട്ടങ്ങളായിരുന്നു. ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസും, മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ആധികാരിക വിജയം നേടിയതോടെ പോയിന്‍റ് പട്ടികയിലും വ്യക്തിഗത നേട്ടങ്ങളിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പർപ്പിൾ ക്യാപ്പിന് പുതിയ അവകാശിയെത്തിയപ്പോള്‍, റൺ വേട്ടക്കാരുടെ ഓറഞ്ച് ക്യാപ്പിനായി മത്സരങ്ങൾ കടുക്കുകയാണ്.
ഇന്നലെ ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ ഗുജറാത്ത് ടൈറ്റൻസ് താരം പ്രസിദ്ധ് കൃഷ്ണയാണ് വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനുള്ള പർപ്പിൾ ക്യാപ്പിന്‍റെ പുതിയ അവകാശി. 10 വിക്കറ്റുമായാണ് പ്രസിദ്ധ് ഒന്നാമതെത്തിയത്. റണ്‍വേട്ടക്കാരിലെ ഒന്നാമനാവാനുള്ള മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിക്ക് വെല്ലുവിളിയായി ആര്‍സിബി നായകന്‍ രജത് പാട്ടിദാറും തൊട്ടു പിന്നാലെയുണ്ട്. നാലു മത്സരങ്ങളില്‍ 137 റണ്‍സടിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ പതിമൂന്നാം സ്ഥാനത്താണ്.




