കോഴിക്കോട്: കേരളത്തിലെ സ്‌കൂളുകളുടെ വികസനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടന്‍ ജോയ് മാത്യു. മലാപ്പറമ്പിലെ നവീകരിച്ച യു പി സ്‌കൂളിന്റെ തിളക്കമാര്‍ന്ന മതിലും ബോര്‍ഡും കണ്ടപ്പോള്‍ തോമസ് സാറിന് എനിക്കുള്ള മറുപടിയായി കഴിഞ്ഞ പത്തുവര്‍ഷത്തെ വികസനത്തെക്കുറിച്ചു പറഞ്ഞു തള്ളുവാന്‍ തത്രപ്പാടായിയെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിമര്‍ശിക്കുന്നു. കഴിഞ്ഞ ദിവസം ജോയ് മാത്യുവിന്റെ പരാമര്‍ശത്തെ പരിഹസിച്ച് തോമസ് ഐസക് രംഗത്ത് വന്നിരുന്നു. ഇതിനാണ് ഇപ്പോള്‍ മറുപടി വന്നിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
കഴിഞ്ഞ പത്തുവര്‍ഷം വികസനം ഉണ്ടായിട്ടില്ല എന്നല്ല ഞാന്‍ പറഞ്ഞത് . വികസനോന്മുഖമായ ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട് എം എല്‍ എ ആയിരുന്ന എ പ്രദീപ്കുമാറിന്റെ ശുഷ്‌കാന്തിയില്‍ നടന്ന സ്‌കൂള്‍ നവീകരണ പ്രവൃത്തികളില്‍ പലപ്പോഴും ഞാനും ഭാഗഭാക്കായിട്ടുണ്ട്. എന്നാല്‍ പ്രദീപ്കുമാറിനെപ്പോലെയുള്ള കഴിവുറ്റവരും ഉല്പതിഷ്ണുക്കളുമായവരെ വെട്ടിമാറ്റി ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരെ മത്സരിപ്പിച്ചു മന്ത്രിസഭയുണ്ടാക്കി.
ഈ സ്വേച്ഛാധിപത്യ ഭരണത്തിന്റെ പിടിപ്പുകെടുകളെക്കുറിച്ചും സമസ്ത മേഖലകളുമുണ്ടായ ഭരണ തകര്‍ച്ചകളെക്കുറിച്ചും ധാര്‍മ്മികവും നൈതികവുമായ ജീര്‍ണ്ണതകളെക്കുറിച്ചും, അതാണ് ജനങ്ങളില്‍ ഭരണ വിരുദ്ധവികാരം സൃഷ്ടിക്കാന്‍ ഇടയാക്കിയതെന്നുമാണ് ഞാന്‍ പറഞ്ഞത്. വെട്ടിത്തിളങ്ങുന്ന ഒരു ബോര്‍ഡ് സ്‌കൂളിനു മുന്‍പില്‍ വെച്ചത് കൊണ്ട് കാര്യമില്ല സാര്‍. പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ പഠന മികവാണ് തിളങ്ങേണ്ടത്. ജോയ് മാത്യു കുറിച്ചു.




