മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് എസ്ഡിപിഐ. ആരും ആവശ്യപ്പെട്ടിട്ട് അല്ല ഒരു പ്രത്യേക മുന്നണിക്ക് വോട്ട് ചെയ്തതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് പറഞ്ഞു. ആർക്ക് വോട്ട് ചെയ്തു എന്നത് എസ്ഡിപിഐ പ്രവർത്തകർക്ക് മാത്രം അറിയുന്ന കാര്യമാണെന്നും ആരെ പിന്തുണച്ചു എന്നത് പരസ്യമാക്കില്ലെന്നും സി പി എ ലത്തീഫ് കൂട്ടിച്ചേർത്തു.
കേരളത്തിൽ ഒരിടത്തും ബിജെപി വിജയിക്കില്ലന്നും നേമത്ത് വി ശിവൻകുട്ടിക്ക് തന്നെയാണ് പിന്തുണ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്ഡിപിഐ 36 മണ്ഡലങ്ങളിലാണ് മത്സരിച്ചു. മികച്ച മത്സരം കാഴ്ചവെച്ചു. നല്ല വോട്ട് ഷെയർ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റുള്ള മണ്ഡലങ്ങളിൽ, ഒരു മുന്നണിയ്ക്ക് വോട്ട് ചെയ്യാനാണ് പ്രവർത്തകരോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് തരംഗമില്ലെന്നും ഫലം പ്രവചനാതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




