പാലക്കാട്: പാലക്കാട് ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലോറികളും സ്വകാര്യ ബസുകളും ചേർന്ന് 87 റോഡപകടങ്ങൾ സൃഷ്ടിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. പാലക്കാട്–കുളപ്പുള്ളി പാതയുൾപ്പെടെ നല്ല റോഡുകളിലാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത്. ഇതിൽ കൂടുതലായി ഇരയാകുന്നത് ഇരുചക്രവാഹന യാത്രികരാണ്.
അപകടങ്ങൾക്കു പിന്നാലെ ചെറിയ പരിശോധനകൾ നടത്തി നടപടിയെടുക്കുന്നതൊഴിച്ചാൽ മോട്ടോർവാഹന വകുപ്പിന്റെ ഭാഗത്ത് നിന്ന് കർശനമായ നിയന്ത്രണങ്ങൾ കുറവാണെന്ന വിമർശനവും ഉയരുന്നു.
വലിയ വാഹനങ്ങളിൽ ലോറികളും ട്രക്കുകളും ചേർന്ന് 65 അപകടങ്ങൾ സൃഷ്ടിച്ചു. ഇതിൽ 38 അപകടങ്ങളിൽ ഇരുചക്രവാഹനങ്ങളെയാണ് ഇടിച്ചത്. കൂടാതെ 10 കാറുകളും 8 ഓട്ടോറിക്ഷകളും 8 മറ്റ് വലിയ വാഹനങ്ങളും ലോറിയിടിച്ച് അപകടത്തിൽപ്പെട്ടു. രണ്ട് കാൽനടയാത്രക്കാരുടെ മരണത്തിനും ലോറികളാണ് കാരണം. പട്ടണങ്ങളിൽ ചരക്കുവാഹനങ്ങൾക്ക് അനുവദിച്ച സമയങ്ങൾ പാലിക്കാതെയുള്ള സഞ്ചാരവും പ്രശ്‌നമാകുന്നു.
സ്വകാര്യ ബസുകൾ 22 അപകടങ്ങൾ സൃഷ്ടിച്ചു. ഇതിൽ 19 അപകടങ്ങളിലും ഇരുചക്രവാഹനങ്ങളാണ് മറുവശത്ത് ഉണ്ടായിരുന്നത്. ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു അപകടവും, കാറുകളുമായി കൂട്ടിയിടിച്ച് രണ്ട് അപകടങ്ങളും റിപ്പോർട്ട് ചെയ്തു. അമിതവേഗവും മറ്റ് വാഹനങ്ങളെ മറികടക്കാനുള്ള ശ്രമവും പ്രധാന കാരണങ്ങളാണ്.
മാർച്ച് 26-ന് കൂനത്തറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് 41കാരിയായ സ്ത്രീ മരിച്ചു. കൂടെയുണ്ടായിരുന്ന ഒൻപത് വയസ്സുകാരന് പരിക്കേറ്റു. അപകടത്തിന് പിന്നാലെ നാട്ടുകാർ ബസ് തകർത്ത സംഭവവും ഉണ്ടായി. അന്ന് മോട്ടോർവാഹന വകുപ്പ് പരിശോധന ശക്തമാക്കിയെങ്കിലും പിന്നീട് അത് തുടരാനായില്ല.
കഴിഞ്ഞ വർഷം വലിയ വാഹനങ്ങൾ ചേർന്ന് 223 അപകടങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിൽ 80 ബസുകളും 143 ലോറിയും ട്രക്കുകളും ഉൾപ്പെടുന്നു. അപകടങ്ങളിൽ 160 എണ്ണം ഇരുചക്രവാഹനങ്ങളെയാണ് ബാധിച്ചത്. ഈ വർഷം ആദ്യ മൂന്ന് മാസത്തിനുള്ളിൽ തന്നെ അപകടസംഖ്യ 87 ആയി ഉയർന്നത് ആശങ്ക വർധിപ്പിക്കുന്നു.




