ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ പുതിയ നിർദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പരിഗണനയിൽ. 10,000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ ട്രാൻസാക്ഷനുകൾക്ക് ഒരു മണിക്കൂർ “കൂൾ ഓഫ്” വിൻഡോ ഏർപ്പെടുത്താനാണ് സാധ്യത.
പുതിയ നിർദേശപ്രകാരം പണം അയയ്ക്കുമ്പോൾ തുക ഉടൻ തന്നെ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ആകും. എന്നാൽ സ്വീകരിക്കുന്ന അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകാൻ ഒരു മണിക്കൂർ സമയം വൈകും. ഇത് പ്രധാനമായും പി2പി (person-to-person) ഇടപാടുകൾക്കായിരിക്കും ബാധകമാകുക.
ഈ ഒരു മണിക്കൂറിനുള്ളിൽ ഉപഭോക്താവിന് ട്രാൻസാക്ഷൻ റദ്ദാക്കാനുള്ള അവസരവും ഉണ്ടാകും. പണം തെറ്റായ അക്കൗണ്ടിലേക്ക് പോയതായി തോന്നുകയോ ഇടപാട് സംശയാസ്പദമാണെന്ന് തോന്നുകയോ ചെയ്താൽ അത് ഈ സമയപരിധിക്കുള്ളിൽ പിൻവലിക്കാം. അതോടെ ഡെബിറ്റ് ചെയ്ത തുക തിരിച്ചെത്താനും സാധിക്കും.
അതേസമയം, വിശ്വസനീയമായ സ്ഥിരം ഇടപാടുകൾക്കായി “വൈറ്റ്ലിസ്റ്റിംഗ്” സംവിധാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അത്തരത്തിലുള്ള ട്രാൻസാക്ഷനുകൾക്ക് ഈ വൈകൽ ബാധകമാകില്ല.
കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകൾ 38 മടങ്ങ് വർധിച്ചതായും മൊത്തം മൂല്യം മൂന്നിരട്ടിയായതായും ആർബിഐ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇതോടൊപ്പം ഓതറൈസ്ഡ് പുഷ് പേയ്മെന്റ് (APP) തട്ടിപ്പുകളും വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരായോ മറ്റ് വിശ്വസ്തരായോ നടിച്ച് ആളുകളിൽ നിന്ന് പണം കൈക്കലാക്കുന്ന ഇത്തരം തട്ടിപ്പുകളിൽ ഉപഭോക്താവിന്റെ സമ്മതത്തോടെയാണ് ഇടപാട് നടക്കുന്നത്. അതിനാൽ പണം തിരിച്ചുപിടിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്.
ഇത്തരം തട്ടിപ്പുകൾ തടയുന്നതിനായാണ് 1 മണിക്കൂർ കൂൾ ഓഫ് സംവിധാനം പരിഗണിക്കുന്നത്. UPI, IMPS, NEFT, RTGS, മൊബൈൽ വാലറ്റുകൾ, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഇടപാടുകൾക്ക് ഇത് ബാധകമാകുമെന്നാണ് സൂചന. എന്നാൽ ഇത് എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആർബിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.




