ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡിയുടെ ഷെൻഷെൻ നഗരത്തിലെ നിർമാണശാലയിൽ വൻ തീപ്പിടിത്തം. പിങ്ഷാൻ ജില്ലയിലെ പ്ലാന്റിലെ മൾട്ടി ലെവൽ പാർക്കിങ്ങിലാണ് തീപിടിത്തം ഉണ്ടായത്. കറുത്ത പുക പ്രദേശമാകെ പടർന്നെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനയുടെ ഇടപെടലിൽ തീ നിയന്ത്രണവിധേയമാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തീപിടിത്തമുണ്ടായ പാർക്കിങ് മേഖല പരീക്ഷണയോട്ടത്തിന് ഉപയോഗിച്ച വാഹനങ്ങളും ഉപയോഗശൂന്യമായ കാറുകളും പാർക്ക് ചെയ്യുന്നതിനായിരുന്നുവെന്നാണ് വിവരം. പുതുതായി നിർമ്മിച്ച് ഉപഭോക്താക്കൾക്ക് കൈമാറാനിരുന്ന വാഹനങ്ങൾക്ക് വലിയ നാശനഷ്ടമില്ലെന്ന് കമ്പനി അറിയിച്ചു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കെട്ടിടത്തിന്റെ വിവിധ നിലകളിലേക്ക് തീ പടരുന്നതും കനത്ത പുക പരിസരം മൂടുന്നതും കാണാം. തീ പൂർണമായി അണയ്ക്കുന്നതിനായി രക്ഷാപ്രവർത്തകർ തീവ്രശ്രമം തുടരുകയാണ്.
അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളാണ് തീ വേഗത്തിൽ പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനങ്ങളുടെയോ ഇലക്ട്രിക് ബാറ്ററികളുടെയോ നിർമ്മാണത്തിലെ പിഴവുകൾ മൂലമല്ല തീപിടിത്തമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ആഗോളതലത്തിൽ ഇലക്ട്രിക് വാഹന മേഖല വളരുന്ന സാഹചര്യത്തിൽ ബിവൈഡിക്ക് ഇത് ഒരു തിരിച്ചടിയായാണ് വിലയിരുത്തുന്നത്.




