നല്ല മൊരിഞ്ഞ ദോശ തിന്നാല്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. എന്നാല്‍ അങ്ങനെ കിട്ടാറില്ല എന്ന പരാതിയുണ്ടോ? നല്ല ദോശമാവിന്റെ അടിസ്ഥാനം അതിലടങ്ങിയിരിക്കുന്ന ചേരുവകളാണ്. സാധാരണയായി മൂന്ന് കപ്പ് അരിക്ക് ഒരു കപ്പ് ഉഴുന്ന് (3:1) എന്നതാണ് ശരിയായ അനുപാതം. പച്ചരിയും പുഴുങ്ങലരിയും (ഇഡ്ഡലി അരി) കലര്‍ത്തി ഉപയോഗിക്കുക. ഇത് ദോശയ്ക്ക് നല്ല ക്രിസ്പി സ്വഭാവവും ഘടനയും നല്‍കും.
മാവ് പുളിക്കാനും മൃദുവാകാനും ഉഴുന്നാണ് സഹായിക്കുന്നത്. അതിനാല്‍ ഗുണമേന്മയുള്ള ഉഴുന്ന് തന്നെ തിരഞ്ഞെടുക്കുക. ദോശയ്ക്ക് നല്ല സ്വര്‍ണ്ണനിറം ലഭിക്കാന്‍ ഒരു ടീസ്പൂണ്‍ കടലപ്പരിപ്പ് കൂടി ചേര്‍ക്കാവുന്നതാണ്.
അരിയും ഉഴുന്നും വേറെ പാത്രങ്ങളില്‍ കുറഞ്ഞത് 4 മുതല്‍ 6 മണിക്കൂര്‍ വരെ അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ കുതിര്‍ക്കുക. അതിനോടൊപ്പം ഒരു ടീസ്പൂണ്‍ ഉലുവ കൂടി ചേര്‍ക്കുക. ഉലുവ മാവ് നന്നായി പുളിക്കാനും നല്ല സുഗന്ധം നല്‍കാനും ദോശയ്ക്ക് സ്വര്‍ണ്ണനിറം ലഭിക്കാനും സഹായിക്കും.
ഉഴുന്ന് നന്നായി അരച്ച് പഞ്ഞിപോലെ പതഞ്ഞ പരുവത്തില്‍ വേണം എടുക്കാന്‍. എന്നാല്‍ അരി അരയ്ക്കുമ്പോള്‍ പൂര്‍ണ്ണമായും മഷിപോലെയാക്കാതെ തരിതരിപ്പായി അരച്ചെടുക്കുക.
ചൂടുള്ള സമയമാണെങ്കില്‍ മാവ് പുളിച്ച ശേഷം മാത്രം ഉപ്പ് ചേര്‍ക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ പുളിക്കല്‍ പ്രക്രിയ സാവധാനത്തിലായേക്കാം. ദോശ ചുടുന്നതിന് മുന്‍പായി മാവിന്റെ കട്ടി പരിശോധിക്കുക. നല്ല കട്ടിയുള്ളതാണെങ്കില്‍ അല്പം വെള്ളം ചേര്‍ത്ത് ലൂസാക്കാം.






