ഛണ്ഡീഗഡ്: ഹരിയാനയിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതിനെ തുടർന്ന് അഞ്ച് കോൺഗ്രസ് എംഎൽഎമാർക്കെതിരെ നടപടി. ഷെല്ലി ചൗധരി (നാരായൺഗഡ്), രേണു ബാല (സാധൗറ), മുഹമ്മദ് ഇല്ല്യാസ് (പുനാന), മുഹമ്മദ് ഇസ്രായേൽ (ഹാത്തിൻ), ജർനൈൽ സിംഗ് (രതിയ) എന്നിവരെയാണ് കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
കോൺഗ്രസ് സ്ഥാനാർത്ഥി കരംവീർ സിംഗ് ബൗദ്ധിന് വോട്ട് ചെയ്യണമെന്ന പാർട്ടി നിർദേശം ലംഘിച്ചതിനാലാണ് നടപടി സ്വീകരിച്ചതെന്ന് അറിയിച്ചു. സംസ്ഥാന കോൺഗ്രസ് അച്ചടക്ക സമിതിയുടെ ശുപാർശയെ തുടർന്ന് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അംഗീകാരത്തോടെ ഹരിയാന പി.സി.സി അധ്യക്ഷൻ റാവു നരേന്ദർ സിംഗ് സസ്പെൻഷൻ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടന്നെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി കരംവീർ സിംഗ് ബൗദ്ധാണ് വിജയിച്ചത്. അതേസമയം, മറ്റൊരു സീറ്റിൽ ബിജെപിയുടെ സഞ്ജയ് ഭാട്ടിയ വിജയിച്ചു.
തങ്ങൾ പാർട്ടി സ്ഥാനാർത്ഥിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്ന് സസ്പെൻഡ് ചെയ്ത എംഎൽഎമാരായ ഷെല്ലി ചൗധരി, രേണു ബാല, ജർനൈൽ സിംഗ് എന്നിവർ പ്രതികരിച്ചു. എന്നാൽ മുഹമ്മദ് ഇല്ല്യാസ്, മുഹമ്മദ് ഇസ്രായേൽ എന്നിവർ പാർട്ടി നേതൃത്വത്തിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയില്ലെന്നും റിപ്പോർട്ടുണ്ട്.




