ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി നടനും തമിഴക വെട്രി കഴകം (TVK) സ്ഥാപകനുമായ വിജയ്. സ്ത്രീകളുടെയും കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന പത്രികയില്‍ ഒരുപിടി വമ്പന്‍ പ്രഖ്യാപനങ്ങളുമുണ്ട്.
60 വയസ്സില്‍ താഴെയുള്ള വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കുമെന്നതാണ് ഇതില്‍ പ്രധാനം. കൂടാതെ, എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷത്തില്‍ ആറ് എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ഒരു പവന്‍ സ്വര്‍ണവും പട്ടുസാരിയും നല്‍കുമെന്ന പ്രഖ്യാപനവും വലിയ ചര്‍ച്ചയാകും.
നഗര-ഗ്രാമ വ്യത്യാസമില്ലാതെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാന്‍ അത്യാധുനിക സൗകര്യങ്ങളോടുള്ള സൗജന്യ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിക്കും. ഉന്നതപഠനത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് 20 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കും. ഇതിന് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കും തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍.




