ദുൽഖർ സൽമാൻ നായകനാകുന്ന ‘ഐ ആം ഗെയിം’ എന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറിന്റെ ചിത്രീകരണം പൂർത്തിയായി. നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ചിത്രം 2026 ഓണത്തിന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ഇത് ഒരുങ്ങുന്നത്.
ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണങ്ങൾ രചിച്ചത്.
11 മാസങ്ങളിലായി 156 ദിവസത്തോളം നീണ്ട ചിത്രീകരണം തെന്നിന്ത്യയിലെ നൂറിലധികം സ്ഥലങ്ങളിലായിരുന്നു. മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഇത് ഒരുങ്ങുന്നു. സ്റ്റൈലിഷ് മാസ് ലുക്കിലാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. ദുൽഖറിന്റെ 40-ാം ചിത്രവുമാണ് ഇത്.
ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ എന്നിവർ ഉൾപ്പെടുന്ന വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും അൻപറിവ് മാസ്റ്റേഴ്സ് സംഘട്ടനവും ഒരുക്കുന്നു.






