ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയ ബില്ലും സംബന്ധിച്ച ചർച്ചകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വൈകിട്ട് ആറുമണിയോടെ ലോക്‌സഭയിൽ മറുപടി നൽകും. ബില്ലുകളെക്കുറിച്ചുള്ള സർക്കാരിന്റെ അന്തിമ നിലപാട് അദ്ദേഹം സഭയിൽ വിശദീകരിക്കുമെന്നാണ് വിവരം. ചർച്ചകളിൽ പ്രതിപക്ഷം കടുത്ത വിമർശനമാണ് ഉയർത്തിയത്.
വൈകിട്ട് ഏഴുമണിയോടെ ബില്ലുകൾ വോട്ടെടുപ്പിന് വിധേയമാകാനാണ് സാധ്യത. ഇതിനുമുമ്പ് ഡൽഹിയിൽ നിർണായക രാഷ്ട്രീയ നീക്കങ്ങളും നടന്നതായി റിപ്പോർട്ടുണ്ട്. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷാ ലോക്‌സഭാ സ്പീക്കർ ഓം ബിർളയുമായും ചർച്ച നടത്തി.
ബില്ലുകൾ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇരുസഭകളിലും സർക്കാരിന് ഇല്ലെന്ന സാഹചര്യത്തിൽ വോട്ടെടുപ്പിൽ പരാജയപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ലോക്‌സഭയിൽ ബിൽ പാസാകാൻ ഏകദേശം 70 വോട്ടുകളുടെ കുറവാണ് സർക്കാരിനുള്ളതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബില്ലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. വനിതാ സംവരണവുമായി ഇതിന് യഥാർത്ഥ ബന്ധമില്ലെന്നും ദക്ഷിണേന്ത്യൻ, വടക്കുകിഴക്കൻ, ചെറു സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറച്ച് തിരഞ്ഞെടുപ്പ് ഭൂപടം മാറ്റിയിടാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.




