വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ചയ്ക്കുള്ളിൽ പുതിയ ധാരണയിലെത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങുമെന്ന് ട്രംപ് വ്യക്തമാക്കി. ചർച്ചകൾ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ ഈ മുന്നറിയിപ്പ് ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതിക്ക് ഇടയാക്കിയിട്ടുണ്ട്.
വെടിനിർത്തൽ നീട്ടുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് പറഞ്ഞ ട്രംപ്, ഇറാനിലെ തുറമുഖങ്ങൾക്കെതിരായ നാവിക ഉപരോധം തുടരുമെന്നും അറിയിച്ചു. “ഒരുപക്ഷേ വെടിനിർത്തൽ നീട്ടില്ല, പക്ഷേ ഉപരോധം തുടരും. അതിനാൽ സാഹചര്യം മോശമായാൽ വീണ്ടും സൈനിക നടപടി ആവശ്യമായേക്കാം” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏപ്രിൽ മധ്യത്തോടെ യുഎസ് നാവികസേന ഇറാനിലെ തുറമുഖങ്ങളിലേക്കുള്ള കപ്പൽഗതാഗതം തടഞ്ഞുവരികയാണ്. ഈ നടപടി നിയമവിരുദ്ധവും പ്രകോപനപരവുമാണെന്ന് ഇറാൻ ആരോപിച്ചു. ഉപരോധം തുടർന്നാൽ ലോകത്തിലെ പ്രധാന ഊർജ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം തടയുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകത്തിലെ എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും ഏകദേശം 20 ശതമാനം ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്.
പാകിസ്താനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതും ആണവ കരാർ, ഉപരോധം നീക്കം ചെയ്യൽ തുടങ്ങിയ വിഷയങ്ങളിലെ ഭിന്നതകളും നിലവിലെ പ്രതിസന്ധി ശക്തമാക്കിയിട്ടുണ്ട്. നയതന്ത്ര ശ്രമങ്ങളിൽ പുരോഗതി ഉണ്ടാകാത്ത പക്ഷം വെടിനിർത്തൽ തകരാനും മേഖലയിലെ സംഘർഷം വീണ്ടും ശക്തമാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.




