പത്തനംതിട്ട: വിഷു, മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. ശനിയാഴ്ച സഹസ്ര കലശാഭിഷേകവും വൈകീട്ട് പടിപൂജയും നടക്കും. ഇടവമാസ പൂജകള്‍ക്കായി മെയ് 14നു വൈകീട്ട് അഞ്ചിനു നട തുറക്കും.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മാസപൂജയുടെ അവസാന നാളുകളിലും ഇത്തവണ തിരക്ക് കൂടുതലായിരുന്നു. മിക്ക ദിവസങ്ങളിലും ശരാശരി 30,000 പേര്‍ ദര്‍ശനത്തിനെത്തി. കൊടുംവേനലില്‍ പമ്പയിലെ വെള്ളം കുറഞ്ഞതാണ് നിലവിലെ വെല്ലുവിളി. നദി വേഗത്തില്‍ മലിനമാകുകയാണ്.






