കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിൽ നിർമ്മിച്ച വീടുകളുടെ സംയുക്ത പരിശോധന ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് നൽകിയ 178 വീടുകളിൽ 102 വീടുകളിലാണ് പരിശോധന നടത്തുന്നത്. നിർമാണം പൂർണമായും പൂർത്തിയായ വീടുകളിലാണ് പരിശോധന നടക്കുക. യുഎൽസിസിഎസും കിഫ്‌കോണും ചേർന്നാണ് പരിശോധന നടത്തുന്നത്.
വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന് മുൻപ് മൂന്ന് ഘട്ടങ്ങളിലായി പരിശോധന നടത്തും. ആദ്യം യുഎൽസിസി ഉദ്യോഗസ്ഥർ പരിശോധന നടത്തും. കിഫ്‌കോൺ ഉദ്യോഗസ്ഥരുമായി ചേർന്നുള്ള പരിശോധന നടക്കും. അവസാനഘട്ടത്തിൽ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തി പരിശോധന നടത്തും.
ചില വീടുകളിൽ വെള്ളം കിനിഞ്ഞിറങ്ങുന്നതായി കണ്ടെത്തിയതിനാൽ അത് പരിഹരിക്കാൻ നടപടികൾ ആരംഭിച്ചു. പ്രശ്നമുള്ള ഭാഗങ്ങളിൽ പ്രഷർ ഗ്രൗട്ടിങ് നടത്തി, തുടർന്ന് വാട്ടർപ്രൂഫിംഗ്, കോൺക്രീറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തും. വീടുകൾക്ക് യാതൊരു തരത്തിലുള്ള നിർമ്മാണ പ്രശ്നങ്ങളും ഇല്ലെന്ന് ഉറപ്പാക്കാനാണ് ഈ പരിശോധനകൾ.




