ബുറൈമി: ഒമാനിലെ ബുറൈമി ഗവർണറേറ്റിൽ അപകടകരമായ രാസവസ്തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. അപകടത്തെ തുടർന്ന് ടാങ്കറിലുണ്ടായിരുന്ന രാസവസ്തുക്കൾ റോഡിലേക്ക് ഒഴുകി. ബുറൈമി പ്രവിശ്യയിൽ ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണം. വിവരം ലഭിച്ചതോടെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന-രക്ഷാസേന സംഘം സ്ഥലത്തെത്തി.
ടാങ്കറിൽ നിന്ന് രാസവസ്തുക്കൾ ചോരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞ് ചോർച്ച നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിച്ചു. അപകടത്തിൽ ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രാസവസ്തുക്കൾ പുറത്തേക്ക് ചോർന്നെങ്കിലും സമയോചിതമായ ഇടപെടലിലൂടെ വലിയ പരിസ്ഥിതി നാശനഷ്ടമോ തീപിടുത്തമോ ഒഴിവാക്കാനായി. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രദേശം സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു.






