കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ജംഗിൾ പാർക്കിന് പിന്നിലെ ചതുപ്പിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ച സംഭവത്തിൽ പാർക്കിന് സ്റ്റോപ്പ് മെമ്മോ നൽകി പഞ്ചായത്ത്. പഴങ്ങനാട് പ്രവർത്തിക്കുന്ന ജംഗിൾ പാർക്കിനാണ് നടപടി. പാർക്ക് പ്രവർത്തിക്കാൻ ആവശ്യമായ അനുമതികളും രേഖകളും ഇല്ലെന്ന് കിഴക്കമ്പലം പഞ്ചായത്ത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. അനധികൃത നിർമ്മാണവും പ്രവർത്തനവും നടന്നതായി തെളിഞ്ഞതായും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. കോട്ടയം ചെങ്ങളം സ്വദേശികളായ മുഹമ്മദ് നസീർ– അമീറ ദമ്പതികളുടെ മകൻ മുഹമ്മദ് ആദം (5) ആണ് മരിച്ചത്. പാലാരിവട്ടം ബിയോണ്ട് ബോൺ പ്രീ-സ്കൂളിലെ 25 കുട്ടികളുടെ സംഘത്തോടൊപ്പം പാർക്ക് സന്ദർശിക്കുന്നതിനിടെയായിരുന്നു അപകടം. സംസാര ശേഷിയില്ലാത്ത കുട്ടിയായ ആദം കളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു.
തുടർന്ന് അധ്യാപകരും ജീവനക്കാരും ചേർന്ന് നടത്തിയ തിരച്ചിലിൽ പാർക്കിന് സമീപത്തെ ചതുപ്പിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.




