ന്യൂഡൽഹി: പ്രതിരോധ വ്യോമയാന രംഗത്ത് വലിയ മുന്നേറ്റത്തിന് ഇന്ത്യ തയ്യാറെടുക്കുന്നു. 2030ഓടെ മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കുന്ന സമാന്തര നിർമ്മാണശാലകൾ രാജ്യത്ത് പ്രവർത്തന സജ്ജമാകുമെന്നാണ് റിപ്പോർട്ട്. തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമായ AMCA, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിക്കുന്ന തേജസ് മാർക്ക് 2, ഫ്രഞ്ച് സാങ്കേതിക വിദ്യയിൽ ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന ദസ്സാൾട്ട് റഫാൽ എന്നിവയ്ക്കായിരിക്കും പ്രത്യേക നിർമ്മാണ യൂണിറ്റുകൾ.
എഎംസിഎ പദ്ധതിക്ക് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ലാർസൻ & ട്യൂബ്രോ, ഭാരത് ഫോർജ് തുടങ്ങിയ കമ്പനികളെ സർക്കാർ പരിഗണിച്ചിട്ടുണ്ടെന്നാണ് വിവരം. ഏകദേശം 15,000 കോടി രൂപ ചെലവഴിക്കുന്ന ഈ പദ്ധതിയുടെ ആദ്യ മാതൃക 2028ഓടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. തേജസ് മാർക്ക് 2 യുദ്ധ വിമാനങ്ങളുടെ നിർമ്മാണം ശക്തിപ്പെടുത്താൻ എച്ച്എഎൽ 10,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടത്തുന്നു. നാസിക്, ബംഗളുരു എന്നിവിടങ്ങളിൽ പുതിയ അസംബ്ലി ലൈനുകൾ സ്ഥാപിക്കും. 2026ഓടെ ആദ്യ പരീക്ഷണ പറക്കൽ നടക്കുമെന്നാണ് കണക്കുകൂട്ടൽ.
റഫാൽ വിമാനങ്ങളുടെ നിർമ്മാണത്തിന് ഡസ്സോൾട്ട് ഏവിയേഷനും റിലയൻസ് ഗ്രൂപ്പും ചേർന്നുള്ള സംയുക്ത സംരംഭമായ DRAL മുഖേന പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. ഈ മൂന്ന് നിർമ്മാണശാലകൾ യാഥാർത്ഥ്യമാകുന്നതോടെ വ്യോമസേനയുടെ വിമാനക്കുറവ് പരിഹരിക്കാനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും സാധിക്കും. കൂടാതെ സാങ്കേതിക രംഗത്ത് ഇന്ത്യയ്ക്ക് കൂടുതൽ മുന്നേറ്റം കൈവരിക്കാനും ഇത് സഹായിക്കും.




