തിരുവനന്തപുരം: പോലീസിനെതിരെ “പോടാ പുല്ലേ പൊലീസേ” എന്ന മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. പൊലീസ് സേനയിൽ പ്രവർത്തിച്ചിരുന്ന കാലത്തും തെറ്റുകൾ ചെയ്യുന്ന ഉദ്യോഗസ്ഥരെ നേരിട്ട് “പോടാ, പുല്ലേ” എന്ന് വിളിച്ചിട്ടുണ്ടെന്നാണ് അവർ പ്രതികരിച്ചത്.
ഗുരുതര വീഴ്ചകളും അഴിമതിയും നടത്തിയ നിരവധി പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതും ചിലരെ സർവീസിൽ നിന്ന് പുറത്താക്കിയതും ഓർമ്മിപ്പിച്ച അവർ, പലർക്കെതിരെ കേസുകളും എടുത്തിട്ടുണ്ടെന്നും ചിലർ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. അന്നൊന്നും രാഷ്ട്രീയ നേതാക്കളോ പൊലീസ് അസോസിയേഷൻ ഭാരവാഹികളോ ഇതിനെതിരെ പ്രതികരിച്ചിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
വിരമിച്ച ശേഷം തെറ്റ് ചെയ്ത ഒരാളെ “പോടാ” എന്ന് വിളിച്ചതിൽ ഇപ്പോൾ വിമർശനം ഉയരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച ശ്രീലേഖ, സംഭവവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് എസ്‌എച്ച്ഒയെ അവധിയിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ചതിനെ സ്വാഗതം ചെയ്തു. ഡിജിപിക്കും കമ്മീഷണർക്കും നന്ദിയും രേഖപ്പെടുത്തി.
പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും സിപിഎം നേതാവ് പി.കെ. ശ്രീമതിയുമടക്കമുള്ളവർ ശ്രീലേഖയെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവരുടെ പ്രതികരണം പുറത്തുവന്നത്.




