സ്വകാര്യ സ്കൂളുകളിൽ എൻ.സി.ഇ.ആർ.ടി, എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ അവഗണിക്കുന്നതായി ഉയർന്ന പരാതിയിൽ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും ചോദ്യം ചെയ്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകി.
സർക്കാർ നിർദേശിച്ച പാഠപുസ്തകങ്ങൾക്ക് പകരം സ്വകാര്യ പബ്ലിഷർമാരുടെ പുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഇതുവരെ സർവേ, ഓഡിറ്റ് തുടങ്ങിയ നടപടികൾ നടത്തിയിട്ടുണ്ടോയെന്ന് വിശദീകരിക്കാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം രീതികൾ കുടുംബങ്ങൾക്ക് അധിക സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നുവെന്നാണ് ലഭിച്ച പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.
എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമ്പോൾ സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങൾ ഉയർന്ന വിലയ്ക്കാണ് വിൽക്കുന്നതെന്നും, ഇത് ദേശീയ വിദ്യാഭ്യാസ നയം 2020 ലക്ഷ്യമിടുന്ന തുല്യവും ഉൾക്കൊള്ളുന്നതുമായ വിദ്യാഭ്യാസ സംവിധാനത്തിന് വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.
കൂടാതെ, ക്ലാസുകൾക്കനുസരിച്ച് സ്കൂൾ ബാഗുകളുടെ ഭാരം നിയന്ത്രിക്കണമെന്നും അധിക പുസ്തകങ്ങൾ ഒഴിവാക്കണമെന്നും നിർദേശങ്ങൾ ഉണ്ടായിരിക്കെ, ഒന്നിലധികം പാഠപുസ്തകങ്ങളും വർക്ക്‌ബുക്കുകളും നിർബന്ധിക്കുന്നത് നിയമലംഘനമാണെന്ന് ആരോപണം ഉയരുന്നു. ഇതുവഴി കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും, വിദ്യാഭ്യാസ അവകാശ നിയമം (RTE Act) സെക്ഷൻ 29 ലംഘിക്കപ്പെടുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് സെക്രട്ടറിക്കും എൻ.എച്ച്.ആർ.സി നോട്ടീസ് അയച്ചു. വിഷയത്തിൽ അന്വേഷണം നടത്തി നടപടി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
പാഠപുസ്തകങ്ങളിലും പാഠ്യപദ്ധതിയിലും സ്കൂളുകളുടെ സ്വഭാവം അടിസ്ഥാനമാക്കി വ്യത്യാസം വരുത്തുന്നത് അക്കാദമിക് വിവേചനമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ആർ.ടി.ഇ നിയമം സ്വകാര്യ സ്കൂളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ എന്നും നോട്ടീസിൽ ചോദിച്ചിട്ടുണ്ട്.
2025-26 അധ്യയന വർഷത്തിൽ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെ സർക്കാർ-സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണം, എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണം എന്നിവയും സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, എട്ടാം ക്ലാസ് വരെയുള്ള പാഠ്യപദ്ധതിയിൽ നിശ്ചിത അതോറിറ്റികളുടെ നിർദേശങ്ങളിൽ നിന്ന് വ്യത്യാസം വരുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ മന്ത്രാലയത്തോട് വിശദീകരണം തേടിയിട്ടുണ്ട്.




