തിരുവനന്തപുരം: വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിനെ തുടർന്നുണ്ടായ വിവാദത്തിൽ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയെ പൊലീസ് പ്രതിചേർത്തു. സംഘർഷം നടന്ന സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നെങ്കിലും, ആദ്യം കേസിൽ ശ്രീലേഖയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് പൊലീസിനെതിരെ നടത്തിയ മുദ്രാവാക്യവിളി വിവാദമായതിനെ തുടർന്ന് പ്രത്യേക റിപ്പോർട്ട് സമർപ്പിച്ച് അവരെ പ്രതിചേർത്തതാണ് നടപടി.
‘‘പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ’’ എന്ന മുദ്രാവാക്യം വിളിച്ചതാണ് വിവാദത്തിന് ഇടയായത്. ശ്രീലേഖയെ പ്രതിചേർക്കാതിരുന്നതിനെതിരെ വി.കെ. പ്രശാന്ത് എംഎൽഎ സിറ്റി കമ്മീഷണർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ശ്രീലേഖയ്‌ക്കൊപ്പം ഡെപ്യൂട്ടി മേയർ ആശാ നാഥനെയും കേസിൽ പ്രതിയാക്കി. “പോലീസ് അവരുടെ ജോലി ചെയ്യട്ടെ” എന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം. അതേസമയം, കമ്മീഷണർക്കെതിരെ അന്വേഷണം വേണമെന്ന് വീണ്ടും ആവശ്യപ്പെട്ട് വി.കെ. പ്രശാന്ത് രംഗത്തെത്തി. വിരമിച്ച ഉദ്യോഗസ്ഥരുടെ സമ്മർദത്തിന് വഴങ്ങി പ്രവർത്തിക്കുന്ന രീതിയാണെന്നും, അത് പൊലീസിന്റെ മനോവീര്യം തകർക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
വട്ടിയൂർക്കാവിലെ സംഘർഷത്തിൽ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച സ്റ്റേഷൻ മാർച്ചിനിടെയായിരുന്നു മുൻ ഡിജിപിയുടെ പൊലീസിനെതിരായ വിവാദ പരാമർശം. കേരളത്തിലെ ആദ്യ വനിത ഡിജിപിയായ വ്യക്തി ഇത്തരത്തിൽ പ്രതികരിക്കാമോ എന്ന ചോദ്യമാണ് ഐപിഎസ് അസോസിയേഷനിൽ ഉയർന്നത്. സമരത്തിൽ പങ്കെടുത്ത മറ്റൊരു മുൻ ഡിജിപിയായ ടി.പി. സെൻകുമാറും പൊലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ ഉന്നത ഉദ്യോഗസ്ഥരുടെ പരാമർശങ്ങൾ സേനയ്ക്കുള്ളിൽ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്.
ഇതിനിടെ, വട്ടിയൂർക്കാവ് എസ്.എച്ച്.ഒ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. അദ്ദേഹത്തിനെതിരെ നടപടി എടുത്തില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ സമരം നടത്തുമെന്ന് ശ്രീലേഖ മുന്നറിയിപ്പ് നൽകിയിരുന്നു. കമ്മീഷണർക്കയച്ച സന്ദേശം പരസ്യപ്പെടുത്തിയതും വിവാദമായി. ഈ നടപടിയെയും ഐപിഎസ് അസോസിയേഷൻ വിമർശിച്ചിരിക്കുകയാണ്. ശ്രീലേഖക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം അസോസിയേഷനിൽ ഉയരുന്നുണ്ട്.




