ഇസ്ലാമബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾക്ക് വേദിയാകുന്നതിനെത്തുടർന്ന് പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദ് പൂർണ്ണമായ സുരക്ഷാ വലയത്തിലാണ്. ഏപ്രിൽ 24, 25 തീയതികളിൽ നഗരത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള പുതിയ റൗണ്ട് വെടിനിർത്തൽ ചർച്ചകളാണ് ഇസ്ലാമാബാദിൽ നടക്കുന്നത്.
അന്താരാഷ്ട്ര പ്രതിനിധികളുടെ സുരക്ഷ മുൻനിർത്തി പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. നഗരത്തിലെ റെഡ് സോൺ, ഡിപ്ലോമാറ്റിക് എൻക്ലേവ് എന്നിവ പൂർണ്ണമായും സീൽ ചെയ്തിരിക്കുകയാണ്. കൊറാങ് റോഡ് മുതൽ സീറോ പോയിന്റ് എക്സ്പ്രസ് വേ വരെയുള്ള പ്രധാന റൂട്ടുകളും പഴയ വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളും ഗതാഗതത്തിനായി അടച്ചിട്ടിരിക്കുകയാണ്. മെട്രോ ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതോടെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു.
മാസത്തിന്റെ തുടക്കത്തിൽ നടന്ന നിയന്ത്രണങ്ങൾക്ക് പിന്നാലെ എത്തിയ ഈ അഞ്ച് ദിവസത്തെ ലോക്ക്ഡൗൺ നഗരത്തിലെ താമസക്കാരെയും ബിസിനസ് സ്ഥാപനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഉന്നതതല അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കുന്ന ഈ ഔദ്യോഗിക സന്ദർശനം പൂർത്തിയാകുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് റിപ്പോർട്ടുകൾ. മേഖലയിലെ വെടിനിർത്തൽ ചർച്ചകളെ കേന്ദ്രീകരിച്ചുള്ള ഈ നീക്കത്തെ ലോകരാഷ്ട്രങ്ങൾ അതീവ താൽപ്പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്.




