കൻസാസ് സിറ്റി: ലോകകപ്പ് കിരീടം നിലനിർത്താനുള്ള ലക്ഷ്യവുമായി അർജന്റീന നാളെ ആദ്യ മത്സരത്തിനിറങ്ങും. കൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ അൾജീരിയയാണ് എതിരാളികൾ. ഇന്ത്യൻ സമയം രാവിലെ 6.30നാണ് മത്സരം ആരംഭിക്കുക. അർജന്റീന നായകൻ ലയണൽ മെസിയുടെ കരിയറിലെ 200-ാം അന്താരാഷ്ട്ര മത്സരമെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
ഒരു രാജ്യത്തിനായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് മെസി. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും കുവൈത്തിന്റെ ബാദർ അൽ-മുതാവയുമാണ് മെസിക്ക് മുന്നിലുള്ളത്. ഈ ലോകകപ്പിൽ തന്നെ രണ്ടാം സ്ഥാനത്തേക്ക് ഉയരാനുള്ള അവസരവും മെസിക്ക് മുന്നിലുണ്ട്.
2005-ൽ ഹംഗറിക്കെതിരെയായിരുന്നു മെസിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം. ആ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും പിന്നീട് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി അദ്ദേഹം വളർന്നു. ഇതുവരെ കളിച്ച 199 മത്സരങ്ങളിൽ നിന്ന് 117 ഗോളുകളും 64 ഗോളവസരങ്ങളും മെസി സ്വന്തമാക്കിയിട്ടുണ്ട്. 2022-ലെ ലോകകപ്പ് കിരീടം, 2021-ലെയും 2024-ലെയും കോപ്പ അമേരിക്ക കിരീടങ്ങൾ, 2022-ലെ ഫൈനലിസിമ വിജയം എന്നിവയാണ് മെസിയുടെ പ്രധാന നേട്ടങ്ങൾ.
മത്സരത്തിന് മുന്നോടിയായി പരിശീലകൻ ലയണൽ സ്കലോണി മെസിയെ പ്രശംസിച്ചു. അർജന്റീനയിലെ ജനങ്ങൾ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ മെസിയുടെ കളി കാണാൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് മെസിയെന്നും സ്കലോണി വ്യക്തമാക്കി.
ലോകകപ്പിന് മുന്നോടിയായി ചെറിയ പരിക്കിന്റെ ആശങ്ക ഉണ്ടായിരുന്നെങ്കിലും മെസി ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. ഐസ്‌ലൻഡിനെതിരായ സന്നാഹ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ അദ്ദേഹം ഒരു ഗോൾ നേടുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.
നാല് വർഷം മുൻപ് ഖത്തറിൽ ഫ്രാൻസിനെ തോൽപ്പിച്ചാണ് അർജന്റീന ലോകചാമ്പ്യന്മാരായത്. ചരിത്രത്തിൽ ഇറ്റലിയും ബ്രസീലും മാത്രമാണ് തുടർച്ചയായി രണ്ട് ലോകകപ്പ് കിരീടങ്ങൾ നേടിയിട്ടുള്ളത്. ഇത്തവണയും കിരീടം സ്വന്തമാക്കാനായാൽ ആ അപൂർവ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ രാജ്യമായി അർജന്റീന മാറും.





