തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കമ്മീഷന്റെ മുൻ സെക്രട്ടറി ഷൈനി ജോർജ് രംഗത്ത്. കമ്മീഷൻ ഓഫീസിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പോഷ് ആക്ട് പ്രകാരം പരാതി നൽകിയതിനെ തുടർന്ന് തനിക്കെതിരെ വ്യാജ പരാതി സൃഷ്ടിച്ച് സ്ഥലംമാറ്റം നടത്തിയെന്നാണ് ഷൈനി ജോർജിന്റെ ആരോപണം.
മനോജ് കുമാറിന്റെ ഭാഗത്ത് നിന്ന് അപമാനകരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും, അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ഉപയോഗിച്ചാണ് തനിക്കെതിരെ നടപടികൾ ഉണ്ടായതെന്നും ഷൈനി ആരോപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ സമീപിച്ച് പരാതി നൽകുമെന്നും അവർ അറിയിച്ചു.
ഒരു കമ്മീഷൻ യോഗത്തിനിടെ താൻ ഫയലുകൾ ശരിയായി കൈകാര്യം ചെയ്യുന്നില്ലെന്ന ആരോപണം ഉന്നയിച്ചുവെന്നും, അതേ യോഗത്തിൽ പൊതുവേദിയിൽ പറയാൻ കഴിയാത്ത തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതായും ഷൈനി പറഞ്ഞു. “നിങ്ങൾ വേറെ പണിക്ക് പോ” എന്ന് പറഞ്ഞതിനെ തുടർന്ന് പോഷ് ആക്ട് പ്രകാരമുള്ള പരാതിസമിതിയിൽ മറുപടി നൽകേണ്ടി വരുമെന്ന് താൻ അറിയിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.
തുടർന്ന് ബാലാവകാശ കമ്മീഷൻ സെക്രട്ടറിയായി ചുമതലയേറ്റ സമയത്ത് ആഭ്യന്തര പരാതി സെല്ലിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടതായും ഷൈനി ആരോപിച്ചു. മനോജ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയതിന് രണ്ട് ദിവസം ശേഷം തനിക്കെതിരെ മറ്റൊരു പരാതി സമർപ്പിച്ചതായും അവർ പറഞ്ഞു.
തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നും, നിലവിലെ സാഹചര്യത്തിൽ സ്ഥാപനത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ഷൈനി ജോർജ് ആരോപിച്ചു. വിഷയത്തിൽ കൂടുതൽ നടപടികൾ ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കുമെന്നും അവർ അറിയിച്ചു.






