ബെംഗളൂരു: കർണാടകത്തിൽ കെഎസ്ആർടിസി ബസുകളിൽ ആൺകുട്ടികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം. ഇതിന്റെ ഭാഗമായി സൗജന്യ ബസ് പാസുകൾ വിതരണം ആരംഭിച്ചു.
കേരളത്തിൽനിന്ന് കർണാടകത്തിലെ വിവിധ സർവകലാശാലകളിലും കോളേജുകളിലും സ്‌കൂളുകളിലും പഠിക്കുന്ന മലയാളി വിദ്യാർഥികൾക്കും ഈ സൗജന്യ യാത്രാ സൗകര്യം ലഭിക്കും. താമസസ്ഥലത്തുനിന്ന് കോളേജിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കാണ് പാസ് ഉപയോഗിക്കാനാകുക.
ഇതുവരെ കർണാടകയിൽ വിദ്യാർഥിനികൾക്ക് മാത്രം ലഭിച്ചിരുന്ന ‘ശക്തി’ പദ്ധതിയിലൂടെ സൗജന്യ യാത്രാ സൗകര്യം ഉണ്ടായിരുന്നു. ഇപ്പോൾ ആൺകുട്ടികളെയും ഉൾപ്പെടുത്തി പദ്ധതി വിപുലീകരിച്ചതാണ് പുതിയ തീരുമാനം. എന്നാൽ, കർണാടകയിലെ ആധാർ കാർഡ് ഉള്ളവർക്കാണ് ഇതുവരെ സൗജന്യ യാത്ര ലഭിച്ചിരുന്നത്. പുതിയ പദ്ധതിയിൽ സംസ്ഥാനത്തിന് പുറത്തുനിന്ന് പഠിക്കാൻ വരുന്ന വിദ്യാർഥികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരുവിൽ ഉൾപ്പെടെ ആയിരക്കണക്കിന് മലയാളി വിദ്യാർഥികൾ പഠിക്കുന്നതിനാൽ ഇത് വലിയ ആശ്വാസമായി മാറും. കോളേജിൽ നിന്നുള്ള രേഖകൾക്കൊപ്പം താമസ തെളിവായി വാടക രസീത് അല്ലെങ്കിൽ വൈദ്യുതി ബിൽ സമർപ്പിക്കണം. സൗജന്യ ബസ് പാസിനായി വിദ്യാർഥികൾ സർക്കാർ പോർട്ടലായ സേവാസിന്ധുവിലൂടെ അപേക്ഷിക്കണം. കർണാടക വൺ, ഗ്രാമ വൺ കേന്ദ്രങ്ങളിലൂടെയും അപേക്ഷ നൽകാം. ഇവിടങ്ങളിൽ 30 രൂപ സേവന ചാർജ് നൽകണം.
അംഗീകരിച്ച പാസുകൾ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ് സ്റ്റാൻഡ് കൗണ്ടറുകളിലും കർണാടക വൺ, ഗ്രാമ വൺ കേന്ദ്രങ്ങളിലും നിന്ന് ലഭിക്കും. സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് 10 മാസത്തേക്കും ഐ.ടി.ഐ വിദ്യാർഥികൾക്ക് 12 മാസത്തേക്കുമാണ് പാസ് നൽകുന്നത്. ഈ പാസ് ഉപയോഗിച്ച് കെ.എസ്.ആർടിസി, ബിഎംടിസി, മറ്റ് സർക്കാർ ബസ് സർവീസുകളായ എൻഡബ്ല്യുകെആർടിസി, കെകെആർടിസി ബസുകളിലും യാത്ര ചെയ്യാൻ സാധിക്കും.






