കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരായ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ (ഡിഎംഇ) മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഡോ. അനിത കുമാരി, ഡോ. സി.എൽ. സ്മിത എന്നിവർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇവർ വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പിജി വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു.
പൊതുവേദികളിലും രോഗികളുടെ മുന്നിലും വിദ്യാർത്ഥികളെ അപമാനിക്കുകയും തീസിസ് ഒപ്പിടാൻ വിസമ്മതിക്കുകയും മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സൈക്യാട്രി വിഭാഗത്തിലെ 12 വിദ്യാർത്ഥികളാണ് എഴുപത് പരാതി നൽകിയത്. പ്രിൻസിപ്പാളിന്റെ നിർദേശപ്രകാരം മെഡിക്കൽ കോളേജ് ഗ്രീവിയൻസ് സെൽ പ്രാഥമിക അന്വേഷണം നടത്തി. അതിന്റെ റിപ്പോർട്ട് ഡിഎംഇക്ക് കൈമാറി.
അതേസമയം, അധ്യാപകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ മെഡിക്കൽ കോളേജ് ക്യാംപസിൽ പ്രതിഷേധം നടത്തി. നടപടി ഉണ്ടായില്ലെങ്കിൽ പ്രിൻസിപ്പൽ ഓഫീസ് ഉപരോധിക്കുമെന്ന് വിദ്യാർത്ഥികൾ മുന്നറിയിപ്പ് നൽകി.




