പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളി മുരണിയിൽ യുവാവിന് പാമ്പുകടി. മുരണി സ്വദേശിയായ രതീഷിനാണ് കടിയേറ്റത്. അണലിയാണെന്നാണ് പ്രാഥമിക നിഗമനം. ആദ്യം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രതീഷിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വെൽഡിങ് തൊഴിലാളിയായ രതീഷ് ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉപകരണങ്ങൾ മുറിക്കകത്ത് വയ്ക്കുന്നതിനിടെയാണ് അപകടം. മുറിയിലെ ഉപകരണങ്ങൾക്കിടയിൽ ഒളിച്ചിരുന്ന പാമ്പാണ് കടിച്ചതെന്നാണ് കരുതുന്നത്. കൈവിരലിലാണ് കടിയേറ്റത്. ഉടൻ കൈ കുടഞ്ഞ് പാമ്പിനെ അകറ്റി (108) ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി പാമ്പുകടി സംഭവങ്ങൾ വർധിക്കുന്നതും ആശങ്കയുണർത്തുന്നു. രണ്ട് ദിവസം മുൻപ് നാലുപേർക്കും ഇന്നലെ ഒരാൾക്കും പാമ്പുകടിയേറ്റതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നത്തെ സംഭവത്തോടെ എണ്ണം വീണ്ടും ഉയർന്നു.




