കാലിഫോർണിയ: കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ ടെക് ലോകത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗൂഗിൾ പുറത്തിറക്കിയ പുതിയ വിവരങ്ങൾ പ്രകാരം, കമ്പനിയിൽ സൃഷ്ടിക്കുന്ന പുതിയ കോഡിന്റെ 75 ശതമാനവും ഇപ്പോൾ എഐ സിസ്റ്റങ്ങളാണ് നിർമ്മിക്കുന്നത്.
കമ്പനിയുടെ സിഇഒ സുന്ദർ പിച്ചൈ ആണ് ഈ വിവരം വെളിപ്പെടുത്തിയത്. ഇതോടെ സോഫ്റ്റ്‌വെയർ വികസന രംഗത്ത് വലിയ മാറ്റം സംഭവിക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു. മുൻപ് ഡെവലപ്പർമാർ ഓരോ കോഡ് വരിയും എഴുതുകയും പരിശോധിക്കുകയും ചെയ്യേണ്ടിവന്നിരുന്നു. എന്നാൽ ഇപ്പോൾ എഐ ഉപകരണങ്ങൾ തന്നെ കോഡ് സൃഷ്ടിക്കുകയും, മനുഷ്യ എഞ്ചിനീയർമാർ അത് പരിശോധിച്ച് അംഗീകരിക്കുകയും ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് വരെ ഗൂഗിളിലെ കോഡിന്റെ ഏകദേശം 50 ശതമാനം മാത്രമേ എഐ നിർമ്മിച്ചിരുന്നുള്ളൂ. എന്നാൽ വേഗത്തിൽ ഇത് 75 ശതമാനമായി ഉയർന്നിട്ടുണ്ട്.
ഇതോടെ എഞ്ചിനീയർമാരുടെ ജോലിയുടെ സ്വഭാവവും മാറി. അവർ നേരിട്ട് കോഡ് എഴുതുന്നതിനുപകരം എഐ സംവിധാനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുന്ന രീതിയിലേക്കാണ് മാറിയത്. ഇതിലൂടെ പ്രോജക്റ്റുകൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്നതായും കമ്പനി വ്യക്തമാക്കി. ഗൂഗിളിന്റെ ജമിനി ആപ്പും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വികസിപ്പിച്ചതും എഐയുടെ കഴിവ് വ്യക്തമാക്കുന്നതാണ്.




