ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിൽ എംബിഎ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി ലഭിച്ചതിനെ തുടർന്ന് 67 കാരനായ പലചരക്ക് കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപക് പ്രധാൻ എന്ന പ്രതിയാണ് അറസ്റ്റിലായത്.
ഏപ്രിൽ 24-ന് ഗംഗാപദ പ്രദേശത്തെ, പ്രതിയുടെ കടയ്ക്ക് സമീപമുള്ള വനിതാ ഹോസ്റ്റലിലാണ് സംഭവം നടന്നതെന്നാണ് പരാതി. ഛത്തീസ്ഗഡിലെ ബിലാസ്പൂർ സ്വദേശിയായ വിദ്യാർത്ഥിനി സംഭവത്തിന് പിന്നാലെ ഇൻഫോ വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഹോസ്റ്റലിന്റെ സുരക്ഷാ സംവിധാനങ്ങളിലുണ്ടായ വീഴ്ചകളും, പുറം ആളുകൾക്ക് അകത്ത് പ്രവേശിക്കാൻ കഴിഞ്ഞ സാഹചര്യവും പൊലീസ് വിശദമായി പരിശോധിക്കുകയാണ്.
കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.




