തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെ പരിഹസിച്ച് മുതിർന്ന നേതാവ് കെ മുരളീധരൻ. ഇത്തവണ തൃശൂർ പൂരത്തിൽ വെടിക്കെട്ട് ഇല്ലാതിരുന്നതിന്റെ കുറവ് നികത്താൻ കോൺഗ്രസ് നേതാക്കൾ നടത്തുന്ന ‘മുഖ്യമന്ത്രി വെടിക്കെട്ട്’ സഹായിക്കുമെന്നാണ് പരിഹാസ രൂപേണ മുരളീധരൻ പറഞ്ഞത്.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി നേതാക്കൾ കടിപിടി കൂടുന്നതിനിടെയാണ് സ്വന്തം പാർട്ടിയെയും മുന്നണിയെയും പരിഹസിച്ച് മുരളീധരൻ രംഗത്തെത്തിയത്. വിഷയത്തിൽ നേരത്തേയും പലതവണ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളയാളാണ് മുരളീധരൻ. ആളുകൾ ‘മൂഡ് ഓഫ്’ ആകാതിരിക്കാനാണ് ഇത്തരം ചർച്ചകളെന്ന് ന്യായീകരിച്ച മുരളീധരൻ, മുസ്ലിം ലീഗിലെ മുഖ്യമന്ത്രി ചർച്ചകളിലും കടുത്ത ഭാഷയിൽ പ്രതികരിച്ചു.
പി കെ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കണമെന്ന ലീഗിലെ ഒരു വിഭാഗത്തിന്റെ ആവശ്യത്തോട്, “അടുത്താഴ്ച ഈ സമയം കുട്ടി ആണാണോ പെണ്ണാണോ എന്നറിയാം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേതാക്കളുടെ പിആർ വർക്കുകൾക്ക് പരിധിയുണ്ടെന്നും ഇത്തരം കോമാളിത്തരങ്ങൾ അതിരുകടക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.




