കൊച്ചി: ഹർത്താൽ ദിനത്തിലെ അപ്രതീക്ഷിത അവധി ആഘോഷിക്കാൻ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി സംഘം ദുരന്തത്തിൽപ്പെട്ടു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിലെ പെരിയാർ വാലി കനാലിൽ കുളിക്കാനെത്തിയ ആറംഗ സംഘത്തിൽ രണ്ട് പേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കൂവപ്പടി ചെറുകുന്നം കെഎംസി കോളേജിലെ വിദ്യാർത്ഥികളായ മലപ്പുറം സ്വദേശിയായ അജ്മൽ, കൊല്ലം സ്വദേശിയായ അജ്സൽ എന്നിവരാണ് മരിച്ചത്. ഹർത്താലിനെ തുടർന്ന് കോളേജിന് അവധി നൽകിയതിനാൽ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ കൊടുംചൂടിൽ നിന്ന് ആശ്വാസം തേടി കനാലിൽ കുളിക്കാനെത്തുകയായിരുന്നു.
ആറ് പേരിൽ മൂന്ന് പേർ മാത്രമാണ് വെള്ളത്തിലിറങ്ങിയത്. ഏകദേശം പത്ത് അടി ആഴമുള്ള കനാലിൽ ഷട്ടർ തുറന്ന സമയമായതിനാൽ ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നു. ഇതോടെയാണ് അവർ ഒഴുക്കിൽപ്പെടുന്നത്.
സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിൽപ്പെട്ട വിദ്യാർത്ഥി കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.




