ന്യൂഡൽഹി: റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനം എസ്-400 ട്രയംഫ്യുടെ നാലാമത്തെ യൂണിറ്റ് മേയ് പകുതിയോടെ ഇന്ത്യയിലെത്തും. ഇന്ത്യൻ വ്യോമസേനയുടെ പരിശോധനകൾക്ക് ശേഷമാണ് ഇത് കപ്പൽ മാർഗം രാജ്യത്തേക്ക് എത്തിക്കുന്നത്. ഭാവിയിലെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി പുതിയ യൂണിറ്റ് രാജസ്ഥാൻ മേഖലയിലാണ് വിന്യസിക്കാനുള്ള സാധ്യതയെന്ന് റിപ്പോർട്ടുകൾ പറയുന്നു. 400 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ സംവിധാനം ശത്രു വിമാനങ്ങളും മിസൈലുകളും തടയാൻ ശേഷിയുള്ളതാണ്.
2018-ൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവച്ച കരാറിന്റെ ഭാഗമായാണ് എസ്-400 സംവിധാനങ്ങൾ എത്തുന്നത്. അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഇതുവരെ നാലെണ്ണം ലഭിച്ചു. അവസാന യൂണിറ്റ് ഈ വർഷം നവംബറിൽ എത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കൂടാതെ, എസ്-400 സംവിധാനങ്ങളുടെ പരിപാലനത്തിനായി ഇന്ത്യയിൽ എംആർഒ കേന്ദ്രം സ്ഥാപിക്കാനുള്ള സാധ്യതയും സർക്കാർ പരിഗണിക്കുന്നു. പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനായി പുതിയ മിസൈലുകൾ, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ എന്നിവയും ഇന്ത്യ വാങ്ങാനുള്ള പദ്ധതിയിലാണ്. രാജ്‌നാഥ് സിംഗ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ വലിയ പ്രതിരോധ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ആകെ 2.38 ലക്ഷം കോടി രൂപയുടെ പുതിയ പ്രതിരോധ നിർദേശങ്ങൾക്കും 6.73 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കും അംഗീകാരം ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.




