ന്യൂഡൽഹി: വിമാന ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ പ്രവർത്തനം പ്രതിസന്ധിയിലാണെന്ന് വിമാനക്കമ്പനികൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അയച്ച കത്തിലാണ് മുന്നറിയിപ്പ്.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് വിമാന ഇന്ധനത്തിന്റെ വില ഉയർന്നതോടെ കമ്പനികളുടെ ചെലവിൽ ഏകദേശം 40 ശതമാനം വർധന ഉണ്ടായതായി സംഘടന അറിയിച്ചു. സർക്കാർ ഇടപെടൽ ഇല്ലെങ്കിൽ പ്രവർത്തനം നിർത്തുകയോ അടച്ചുപൂട്ടുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നിവ ഉൾപ്പെടുന്ന സംഘടനയാണ് ഈ ആവശ്യം ഉന്നയിച്ചത്. ആഭ്യന്തരവും രാജ്യാന്തരവുമായ സർവീസുകൾക്ക് വ്യത്യസ്തമായി ഇന്ധനവില നിശ്ചയിക്കുന്നതും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതാണെന്ന് അവർ വ്യക്തമാക്കി. ദീർഘദൂര സർവീസുകൾക്കാണ് ഈ പ്രതിസന്ധി കൂടുതൽ ബാധിക്കുന്നത്. ‘ക്രാക്ക് ബാൻഡ്’ സംവിധാനം പുനഃസ്ഥാപിച്ച് ഇന്ധനവില ഏകീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
രാജ്യാന്തര തലത്തിൽ വിമാന ഇന്ധനവില ലിറ്ററിന് 73 രൂപ വരെ ഉയർന്നതായി റിപ്പോർട്ടുണ്ട്. കൂടാതെ ഇന്ധനത്തിന് ചുമത്തുന്ന 11 ശതമാനം എക്സൈസ് നികുതി താൽക്കാലികമായി ഒഴിവാക്കണമെന്നും വിമാനക്കമ്പനികൾ ആവശ്യപ്പെട്ടു.






