കണ്ണൂർ: വൈദ്യുതാഘാതത്തെ തുടർന്ന് കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ. രാജൻ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. പൊന്ന്യം പറാംകുന്നിലെ 110 കെ.വി. സബ്‌സ്റ്റേഷനടുത്തുള്ള വൈദ്യുതത്തൂണിൽ തീ കണ്ട നാട്ടുകാർ സബ്‌സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് തലശ്ശേരി സെക്ഷനിലെ ജീവനക്കാരനായ രാജേഷ് സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. രാജൻ അദ്ദേഹത്തോടൊപ്പം സഹായിയായി എത്തിയിരുന്നു.
പരിശോധനയ്ക്കിടെ രാജൻ ഹൈടെൻഷൻ ലൈനിനടുത്തുള്ള എർത്ത് കമ്പി അറിയാതെ സ്പർശിക്കുകയായിരുന്നു. ഇതോടെ ശക്തമായ വൈദ്യുതാഘാതമേറ്റു രാജൻ തെറിച്ചുവീണു. കൈയുൾപ്പെടെ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റു. സ്ഥലത്തുവെച്ചുതന്നെ രാജൻ മരിച്ചു.
കതിരൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. തുടർന്ന് മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സിന്ധു. മകൾ: അനുവർഷ. സഹോദരങ്ങൾ: രതീശൻ, രഞ്ജിത്ത്, രാഗേഷ്, രജിത, രേഷ്മ.




