മലപ്പുറം: ഫാത്തിമയെ ഭർത്താവ് മുഹമ്മദ് ബുധനാഴ്ച പുലർച്ചെ രണ്ടോടെ കൊലപ്പെടുത്തിയെന്ന് പോലീസ്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഇരുവരും ബീച്ചിലെത്തിയിരുന്നു. ഏറെ നേരം സംസാരിച്ച ശേഷം ഫാത്തിമയുടെ മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് മുഹമ്മദ് ഷാൾ കഴുത്തിൽ മുറുക്കി ഫാത്തിമയെ കൊലപ്പെടുത്തുകയായിരുന്നു.
മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം സമീപത്തുണ്ടായിരുന്ന പായയിൽ പൊതിഞ്ഞു. നായകൾ ആക്രമിക്കാതിരിക്കാനായി തലഭാഗം മണലിൽ കുഴിച്ചുമൂടിയതായും കണ്ടെത്തി. സംഭവത്തിന് പിന്നാലെ മുഹമ്മദ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
മത്സ്യത്തൊഴിലാളിയായ മുഹമ്മദ് രണ്ട് വർഷം മുൻപാണ് ഫാത്തിമയെ വിവാഹം കഴിച്ചത്. ഫാത്തിമയ്ക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്. കൊല ചെയ്യാനുള്ള മുൻകൂട്ടിയുള്ള പദ്ധതി ഉണ്ടായിരുന്നില്ലെന്നും, തർക്കത്തിനിടെ സംഭവിച്ചതാണെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലും ഇരുവരും രാത്രികളിൽ ബീച്ചിൽ സമയം ചെലവഴിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.




