തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിനെതിരായ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ച് നടപടി സ്വീകരിച്ചത്.
സൈബർ കേസിൽ നൽകിയ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും അതിജീവിതയെ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ഇതിന് പുറമെ മറ്റ് ക്രിമിനൽ കേസുകളിലും പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്.
എന്നാൽ ഈ ആരോപണങ്ങൾ തെളിയിക്കുന്നതിന് മതിയായ തെളിവുകൾ അന്വേഷണ സംഘം ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടാണ് ഹർജി തള്ളിയതെന്ന് ഉത്തരവിൽ പറയുന്നു.
അതേസമയം, തനിക്കെതിരായ നടപടി ചില ഉന്നതരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന നിലപാടാണ് പ്രതിഭാഗം കോടതിയിൽ അവതരിപ്പിച്ചത്.




