കൊച്ചി: സർക്കാർ ജീവനക്കാരുടെ തപാൽ വോട്ടുമായി ബന്ധപ്പെട്ട ആവശ്യം തള്ളി കേരള ഹൈക്കോടതി. വോട്ടെണ്ണലിന് തൊട്ടുമുമ്പായി ഇനി വോട്ട് ചെയ്യാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. വോട്ടവകാശം നിഷേധിക്കപ്പെട്ടതായി ആരെങ്കിലും കരുതുന്നുവെങ്കിൽ, അവർ തിരഞ്ഞെടുപ്പ് ഹർജിയിലൂടെ കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.
നിയമസഭ തിരഞ്ഞെടുപ്പിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏകദേശം 20,000 പേർക്ക് തപാൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി എൻജിഒ യൂണിയൻ ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിച്ചിരുന്നു. വോട്ടെണ്ണൽ ദിവസത്തിന്റെ രാവിലെ വരെ തപാൽ വോട്ട് ചെയ്യാൻ അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെ എതിർത്തു. തപാൽ വോട്ടിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അതിലൂടെ മാത്രമേ വോട്ട് ചെയ്യാനാകൂവെന്നും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. വോട്ടെണ്ണൽ വരെ വോട്ട് ചെയ്യാനുള്ള അവകാശം സർവീസ് വോട്ടർമാർക്കു മാത്രമാണെന്നും കമ്മീഷൻ അറിയിച്ചു.
ഇത് പരിഗണിച്ചാണ് കമ്മീഷന്റെ വാദം അംഗീകരിച്ച് ഇനി തപാൽ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.




