തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ ഒറ്റദിവസം മൂന്ന് തവണയായി പവന് 1680 രൂപ വർധിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ 280 രൂപ കുറഞ്ഞ് ഒരു പവന്റെ വില 1,11,720 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,965 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 8 ഡോളർ കുറഞ്ഞ് 4608 ഡോളറിലെത്തി. ഹോർമുസ് കടലിടുക്ക് വിഷയവുമായി ബന്ധപ്പെട്ട ജിയോപൊളിറ്റിക്കൽ ആശങ്കകളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് വിപണിയെ ബാധിച്ചത്.
ഇറാൻ മുന്നോട്ടുവെച്ച ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ചർച്ചാ നിർദ്ദേശം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചതും മേഖലയിലെ അനിശ്ചിതത്വം വർധിപ്പിച്ചു. ഇറാനിയൻ കപ്പലുകളെ തടയുന്ന നടപടിയും തുടരുന്നതിനാൽ ക്രൂഡ് ഓയിൽ വില ഉയരുകയും ഡോളർ ശക്തിപ്പെടുകയും ചെയ്തു. ഇതാണ് സ്വർണവിലയിൽ ചെറിയ ഇടിവിന് കാരണമായത്.
അതേസമയം, യു.എസ്. ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചന സ്വർണവിലയിൽ വലിയ ഇടിവ് ഉണ്ടാകുന്നത് തടഞ്ഞതായി വിദഗ്ധർ പറയുന്നു. ഇന്ത്യയിൽ സ്വർണം ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം ഇറക്കുമതി 15 ടണ്ണായി താഴ്ന്നു. കോവിഡ് കാലം ഒഴികെ ഇത് 30 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്വർണം ഇറക്കുമതി ചെയ്യാൻ അനുമതിയുള്ള ബാങ്കുകളുടെ പട്ടിക കേന്ദ്ര സർക്കാർ വൈകിയതും ഇറക്കുമതിയെ ബാധിച്ച സാഹചര്യമായി വിലയിരുത്തപ്പെടുന്നു.




