ബെംഗളൂരു: ബെംഗളൂരു ബിടിഎൽ നേഴ്സിംഗ് കോളേജിൽ മലയാളി നേഴ്സിംഗ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജിൽ പ്രതിഷേധം. ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാത്തതും, സംസ്കാര ചടങ്ങിന് പോകാൻ വിദ്യാർത്ഥികളെ അനുവദിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്. ആരോപണ വിധേയനായ അധ്യാപകനെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
എന്നാൽ, ആദിത്യന്റെ മരണത്തിൽ അധ്യാപകന് പങ്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ആദിത്യന്റെ മരണത്തിൽ കോളേജ് മാനേജ്മെന്റിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നു എന്നാണ് പരാതി. ഒറ്റപ്പെടൽ ഉയർത്തിയ മാനസിക സംഘർഷവും പ്രണയ പരാജയവും ആകാം ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. പോലീസിൽ പരാതി നൽകിയിട്ടും തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.




